സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച കത്ത്; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്

news image
Apr 29, 2026, 12:26 pm GMT+0000 payyolionline.in

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റേതെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കേസിൽ കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബർ പൊലീസാണ് ഇന്ന് രാവിലെ അജിത് കുമാറിനെ ചോദ്യം ചെയ്തത്. കേസന്വേഷണത്തിനിടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. കെ എസ് ബ്രിഗേഡ് പേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾകൂടിയാണ് അജിത് കുമാർ.

കെ സുധാകരനെതിരെ എഐസിസിക്ക് താൻ നൽകിയെന്ന നിലയിൽ പ്രചരിക്കുന്ന കത്ത് താൻ തയ്യാറാക്കിയതാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു സണ്ണി ജോസഫ് വിഷയത്തിൽ പ്രതികരിച്ചത്. ‘ഇത് മറ്റൊരു കാഫിർ സ്‌ക്രീൻഷോട്ടായി മാറും. കളക്ടർക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. അവർ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. സർക്കാരിനേയും ഇക്കാര്യത്തിൽ വെല്ലുവിളിക്കുകയാണ്. നിലവിൽ നൽകിയ പരാതികളിൽ അന്വേഷണം ഉണ്ടായില്ലെങ്കിൽ നിയമത്തിന്റെ ഏതറ്റം വരേയും പോകും’ എന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

കണ്ണൂർ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സണ്ണി ജോസഫ് കത്ത് നൽകി എന്ന തരത്തിലായിരുന്നു പ്രചരണം. മണ്ഡലത്തിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും കെപിസിസിയുടെ ലെറ്റർഹെഡിലായിരുന്നു കത്ത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe