പയ്യോളി: ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറയെന്നും വിശ്വാസപരമായ വ്യതിചലനങ്ങളാണ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതെന്നും മുജാഹിദ് ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. ‘നിർഭയത്വം തൗഹീദിലൂടെ’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സമ്മേളനത്തിലാണ് നേതാക്കൾ ഈ അഭിപ്രായം പങ്കുവെച്ചത്.
അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ ഖുർആനിലേക്കും പ്രവാചക അധ്യാപനങ്ങളിലേക്കും മടങ്ങുന്നത് സാമൂഹിക ഐക്യം രൂപപ്പെടുത്താൻ സഹായിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു.
സഫീർ അൽ ഹികമി, മൂസ സ്വലാഹി കാര, സഫീർ പയ്യോളി, ഷാഹിൻ തുറയൂർ, മുഹമ്മദ് അലി നന്തി, സി.പി. സാജിദ് എന്നിവർ സംസാരിച്ചു.
