എടച്ചേരി : എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ പോലീസ് പിടിയിൽ. വേങ്ങോളി കിഴക്കയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് ഹമീദിനെയാണ് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്. 2001 സെപ്റ്റംബർ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് സ്ഥലം വിടുകയായിരുന്നു.
സംഭവം നടന്ന് ഇത്രയും കാലമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഹമീദിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായും അന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
കാസർകോട് ജില്ലയിലെ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മത്സ്യ വിൽപ്പനക്കാരനായി ലളിത ജീവിതം നയിക്കുകയായിരുന്നു ഹമീദ്. വർഷങ്ങൾ പിന്നിട്ടതോടെ പ്രതിയുടെ രൂപത്തിലുണ്ടായ മാറ്റം പോലീസിനെ വലച്ചിരുന്നു. എന്നാൽ, ലഭ്യമായ പഴയകാല ഫോട്ടോകളും സൂചനകളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ച് പോലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഹമീദിനെ പിടികൂടാൻ പോലീസിന് സാധിച്ചത്.
