തിക്കോടി : ഒരു മഴപെയ്തതോടെ നിർമാണം നടക്കുന്ന ദേശീയപാതാ പെരുമാൾപുരംഭാഗത്ത് റോഡിൽനിന്ന് വെള്ളം സമീപത്തെ വീട്ടിലെത്തി. ദേശീയപാതയിൽ ആറുവരിപ്പാത ഭാഗികമായി പൂർത്തിയാക്കിയ പെരുമാൾപുരം റോഡിന്റെ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ് വെള്ളം കുത്തിഒഴുകിയത്.
ശക്തമായ മഴയിൽ റോഡരികിൽ താമസിക്കുന്ന ‘അമ്പാടി’യിൽ രവീന്ദ്രന്റെ വീട്ടിലേക്ക് വെള്ളവും മണ്ണും ചെളിയും കുത്തിയൊഴുകി വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും രണ്ടു ബൈക്കുകളും ചെളിയിൽ പുതഞ്ഞു. രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ശബ്ദംകേട്ട് പുറത്തെത്തിയപ്പോഴേക്കും വീടിന്റെയും ഉള്ളിൽ മുഴുവൻ ചളിയും വെള്ളവും കയറിയ അവസ്ഥയിലായിരുന്നെന്ന് രവീന്ദ്രൻ പറഞ്ഞു. ഇപ്പോൾ വീടിന് വലിയ സുരക്ഷാഭീഷണിയാണുള്ളത്.
നിയമപോരാട്ടത്തിൽ…
വർഷങ്ങളായി എൻ.എച്ച്.എ.ഐ.യുമായി കേസിലാണ് രവീന്ദ്രൻ. ബാക്കിഭാഗങ്ങളെല്ലാം മതിലുകൾ കെട്ടിയിട്ടുണ്ടെങ്കിലും ഈ ഭാഗം ഒഴിച്ചിട്ടിരിക്കയാണ്. ഈ ഭാഗത്തുകൂടിയാണ് വെള്ളം ഒഴുകിയത്. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രൻ പറയുന്നതിങ്ങനെ; ആദ്യം 32 ലക്ഷംരൂപയാണ് വീടിനും സ്ഥലത്തിനുമായിട്ട് എൻ.എച്ച്.എ.ഐ. വിലയിട്ടത്. അളവിന്റെ വ്യത്യാസംകണ്ട് റീവാലുവേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടറെ സമീപിച്ചു. എന്നാൽ മുഴുവൻസംഖ്യയും തരാൻപറ്റില്ലെന്നും നഷ്ടപ്പെടുന്ന ഭാഗത്തിന് മാത്രമേ തുകതരാൻ പറ്റുകയുള്ളൂ എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. മറ്റു പലർക്കും മുഴുവൻ തുക കൊടുത്തു. അവസാനം കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. എൻ.എച്ച്.എ.ഐ. അപ്പീലുമായി പോയെങ്കിലും അത് കോടതി തള്ളി. കേസ് തീർപ്പാക്കാൻ കോടതി ഉത്തരവും ലഭിച്ചിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റി വലിയതുകയാണെന്ന് പറഞ്ഞു തടഞ്ഞുവച്ചു. വീണ്ടും അധികൃതരെ സമീപിച്ചപ്പോൾ ഉടനെ പ്രശ്നം പരിഹരിക്കും എന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇനിയും തുകലഭിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും രവീന്ദ്രൻ പറഞ്ഞു.
