ന്യൂഡൽഹി: രാജ്യത്ത് എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങി എന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷത്തിനുണ്ടായിരുന്നു. പതാക ഉയർത്തുന്നതിന് മുന്നോടിയായി മൂന്ന് മിനിറ്റ് നീണ്ടുനിൽക്കുന്ന ഗാനം പൂർണമായും ആലപിക്കുകയായിരുന്നു. തുടർന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി, വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാർത്ഥികളുടെയും പരേഡുകൾ വീക്ഷിച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിച്ച പ്രധാനമന്ത്രി, വന്ദേമാതരം എല്ലാ മനസ്സുകളിലും അലയടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ചെങ്കോട്ടയിൽ ഇത് മുഴങ്ങിയത് ഏറെ അനുയോജ്യമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി, നമ്മൾ ചെറിയ സ്വപ്നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ലെന്നും വലിയ സ്വപ്നങ്ങൾ കാണാൻ സജ്ജരാകണമെന്നും ആഹ്വാനം ചെയ്തു.
