അരൂർ: മാങ്ങയുടെ നാടായ അരൂരിൽ തേനൂറുന്ന ഒളോർ മാങ്ങകൾ വിപണി കീഴടക്കുന്നു. സീസൺ ആരംഭിച്ചതോടെ പ്രദേശത്തെ കടകളിൽ ഒളോർ മാങ്ങകൾ വിൽപ്പനയ്ക്കെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണ പ്രതികൂല കാലാവസ്ഥ കാരണം വിളവ് ഗണ്യമായി കുറഞ്ഞത് കർഷകരെ ആശങ്കയിലാക്കുന്നു.
മാവുകളിൽ സമൃദ്ധമായി പൂവിരിഞ്ഞിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം പൂക്കുലകൾ കരിഞ്ഞുപോവുകയും ചെറിയ മാങ്ങകൾ കൊഴിഞ്ഞുവീഴുകയും ചെയ്തു. വിളവ് കുറവായതിനാൽ വരും ദിവസങ്ങളിൽ മാങ്ങയ്ക്ക് ആവശ്യക്കാരും വിലയും ഏറാനാണ് സാധ്യത. നിലവിൽ പഴുത്ത മാങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും പച്ചയ്ക്ക് 60 രൂപയുമാണ് വിപണി വില. കൃഷിക്കാരിൽ നിന്ന് നേരിട്ട് കച്ചവടം ഉറപ്പിച്ച ശേഷം മാങ്ങ പറിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതാണ് ഇവിടുത്തെ രീതി. രാസവസ്തുക്കൾ ചേർക്കാതെ പഴുപ്പിക്കുന്നതിനാൽ വടകര, തലശ്ശേരി, കോഴിക്കോട് വിപണികളിൽ നിന്നും നിരവധി പേർ അരൂരിലെത്തി മാങ്ങ വാങ്ങാറുണ്ട്.
അരൂർ ഒളോറിന് ഭൗമസൂചികാ പദവി (Geographical Indication) ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു. വിദേശ രാജ്യങ്ങളിലേക്കും ഒളോർ കയറ്റിയയക്കാറുണ്ടെങ്കിലും നിലവിലെ അന്താരാഷ്ട്ര യുദ്ധസാഹചര്യങ്ങൾ വിദേശ വിപണിയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഒരു നൂറ്റാണ്ട് മുൻപ് ഇരിങ്ങൽ നങ്ങലേരി തറവാട്ടിൽ നിന്നും ലഭിച്ച വിത്തിൽ നിന്നാണ് അരൂരിൽ ഒളോർ മാങ്ങയുടെ കൃഷി വ്യാപിച്ചത്. സാമൂതിരിയുടെ കൊട്ടാരം വൈദ്യന്മാർക്ക് സമ്മാനമായി ലഭിച്ച ഈ മാങ്ങയുടെ വിത്തുകൾ അരൂരിലെ എടക്കാട്ട് കൃഷ്ണൻ വൈദ്യരും പടിഞ്ഞാറക്കണ്ടി കേളപ്പൻ നായരും അവിടെ നിന്ന് കൊണ്ടുവരികയായിരുന്നു. നാലര പതിറ്റാണ്ട് മുൻപാണ് ഇത് ‘അരൂർ ഒളോർ’ എന്ന ദേശപ്പേരിൽ പ്രസിദ്ധമായത്. നിലവിൽ പ്രദേശവാസികളുടെ പ്രധാന സീസൺ വരുമാന മാർഗ്ഗം കൂടിയാണ് ഈ മാങ്ങ.
