‘കോഴിക്കോടിനെ തഴയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത്’? ജില്ലയിൽ മന്ത്രിയില്ലാത്തതിൽ ലീഗ് ഹൗസിന് മുന്നിൽ പ്രതിഷേധം

news image
May 18, 2026, 5:08 am GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകാതെ അവഗണിച്ചതിൽ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും പതിച്ചു. ‘ആറിൽ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോട് തഴയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത്’ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ.

നേരത്തെ കോഴിക്കോട് ജില്ലയിൽ നിന്നും മന്ത്രിമാർ ഇല്ലാത്തതിൽ പ്രതിഷേധവുമായി ഐഎൻടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയിൽ കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ളയും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പാറക്കൽ അബ്ദുള്ളക്ക് രണ്ടാം ടേമിൽ മന്ത്രിയാകാം.

തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച വിജയമാണ് കോഴിക്കോട് നിന്ന് യുഡിഎഫിന് ലഭിച്ചത്. വർഷങ്ങളായി കോൺഗ്രസിന് എംഎൽഎമാർ ഇല്ലാത്ത ജില്ലയിൽ ഇത്തവണ 13 സീറ്റിൽ 12 സീറ്റിലും യുഡിഎഫ് ജയിക്കുകയായിരുന്നു. അഞ്ച് കോൺഗ്രസ് പ്രതിനിധികളും ആറ് ലീഗ് പ്രതിനിധികളും ഒരു സ്വതന്ത്രനുമാണ് കോഴിക്കോട് നിന്ന് വിജയിച്ചത്.

അതേസമയം വി ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും ഘടകകക്ഷികളായ സി പി ജോൺ (സിഎംപി), ഷിബു ബേബി ജോൺ (ആർഎസ്പി), അനൂപ് ജേക്കബ് (കേരള ജോൺഗ്രസ് ജേക്കബ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe