കേന്ദ്ര നിർദേശം പാലിച്ച് കേരളവും തമിഴ്‌നാടും; സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരം ആലപിച്ചു

news image
May 18, 2026, 7:37 am GMT+0000 payyolionline.in

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് ദേശീയഗാനത്തിന് മുന്നോടിയായി ‘വന്ദേമാതരം’ ആലപിച്ചു. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണരൂപത്തിൽ ആലപിച്ച ശേഷമാണ് ചടങ്ങുകൾ മുന്നോട്ട് നീങ്ങിയത്. കേന്ദ്ര നിർദേശം പാലിച്ച് വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ച ആദ്യ സംസ്ഥാനങ്ങളായി ഇതോടെ തമിഴ്‌നാടും കേരളവും മാറി.

കോൺഗ്രസ് നിലപാടിൽ മാറ്റം; രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആലാപനം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ മുൻപ് കോൺഗ്രസ് ദേശീയ നേതൃത്വം എതിർത്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഔദ്യോഗിക ചടങ്ങുകളിൽ ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് കഴിഞ്ഞ ജനുവരി 28-നാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവിറക്കിയത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇതിന് ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യം നൽകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.

കേന്ദ്രത്തിന്റെ ഈ പുതിയ ഉത്തരവ് പശ്ചിമ ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാലിച്ചിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഈ നിർദേശം പൂർണ്ണമായി പാലിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടിൽ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’ന് മുന്നോടിയായി വന്ദേമാതരം ആലപിച്ചതിനെതിരെ വലിയ രീതിയിലുള്ള പ്രാദേശിക രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. വന്ദേമാതരം, ദേശീയഗാനം, തുടർന്ന് തമിഴ് തായ് വാഴ്ത്ത് എന്ന ക്രമത്തിലായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ ആലാപനം. ഇത് സംസ്ഥാന ഗീതത്തെ ഇകഴ്ത്തുന്നതിന് തുല്യമാണെന്നായിരുന്നു തമിഴ്‌നാട്ടിലെ വിമർശനം. എന്നാൽ കേരളത്തിൽ പ്രോട്ടോക്കോൾ അനുസരിച്ച് വന്ദേമാതരത്തോടെ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe