വ്യാജരേഖക്ക് നിയമ നടപടി, അട്ടിമറിയിൽ ഉന്നത ഉദ്യോഗസ്ഥനും കുടുങ്ങും; ‘രക്ഷാപ്രവർത്തന’ കേസിൽ സുനിൽ രാജിൻറെ മൊഴിയെടുക്കും

news image
May 23, 2026, 4:14 am GMT+0000 payyolionline.in

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത. കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിൻറെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകാനാണ് നിർദേശം. കേസ് ഫയൽതിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്ഐയും രണ്ട് പൊലീസുകാരും മൊഴി നൽകിയിരുന്നു. അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപിക്ക് എതിരെയാണ് ആരോപണം. മൊഴി തിരുത്താൻ കരുക്കൾ നീക്കിയ ഉന്നതനും കുടുങ്ങും. വ്യാജരേഖയുണ്ടാക്കിയതിന് നിയമനടപടി നേരിടേണ്ടിവരും. ഔദ്യോഗിക രേഖകളിലും കൃത്യമം നടത്തി എന്നാണ് വിവരം.

കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിലെ പ്രതികൾ. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ കൂടുതൽ പേർ ലാത്തികൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് ആദ്യം പിടിച്ചു മാറ്റിയിരുന്നു. എന്നിട്ടും ​​ഗൺമാൻമാർ മർദിച്ചു. അന്ന് സംഭവസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലിസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. മർദനമേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ആലപ്പുഴ എംഎൽഎ എഡി തോമസ്, യൂത്ത് കോൺഗ്രസ്‌ നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും എസ്ഐടി അറിയിച്ചു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe