ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. നിലവിൽ വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തുമെന്ന് എസ്‌ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. ഇന്ന് തന്നെ ശുപാർശ ഡിജിപിക്ക് കൈമാറുമെന്നും എസ്‌ഐടി അറിയിച്ചു.
തലയ്ക്കടിച്ചത് ഗുരുതര കുറ്റമാണെന്നും എസ്‌ഐടി പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ച പ്രവർത്തകരെയാണ് തലയ്ക്കടിച്ചത്. ലോക്കൽ പൊലീസ് തടഞ്ഞിട്ടും മർദ്ദനം തുടർന്നു. വകുപ്പുതല നടപടി അനിവാര്യമാണ്. വകുപ്പുതല നടപടിയിൽ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും എസ്‌ഐടി വ്യക്തമാക്കി. അതിനിടെ പ്രതി ചേർത്തതിന് പിന്നാലെ അനിലും സന്ദീപും മുൻകൂർ ജാമ്യം തേടി ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. കേസിൽ 309 (വധശ്രമം) അടക്കമുള്ള വകുപ്പുകൾ ചുമത്താൻ ഇരിക്കയാണ് നീക്കം. നേരത്തെ ജാമ്യമില്ലാ വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്. കേസ് ഈ മാസം 26ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് നൽകി.
