ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’: നടപടികൾ വേഗത്തിലാക്കി എസ്ഐടി , പ്രതികളെ ഉടൻ ചോദ്യം ചെയ്യും

news image
May 25, 2026, 1:47 am GMT+0000 payyolionline.in

ഗൺമാൻമാരുടെ മർദ്ദനത്തിൽ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കി. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും. കേസ് ഡയറി തിരുത്തിയ സംഭവത്തിൽ പ്രത്യേക കേസെടുത്തു മുന്നോട്ടു പോകാൻ ആണ് നിലവിലെ ആലോചന. ഗൺമാൻമാർ നൽകിയ മുൻകൂർജാമ്യ അപേക്ഷ നാളെയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.

കേസ് ഡയറി തിരുത്തിയ സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെയടക്കം പ്രതിചേർക്കുന്നതിനുള്ള നിയമോപദേശം എസ്ഐടിക്ക് ഇന്ന് ലഭിക്കും. നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമം, ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകൾ ചേർക്കാനാണ് നീക്കം. നിലവിൽ സർവ്വീസിലുള്ള അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശിപാർശ നൽകും.കേസ് അട്ടിമറിച്ചതുൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാവും അന്തിമ റിപ്പോർട്ട് കോടതിയിലും സ‍ർക്കാരിലും സമർപ്പിക്കുക.

പുനരന്വേഷണത്തിന് കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് ഇതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പകപോക്കലല്ലെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനമെടുക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe