തിരുവനന്തപുരം: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും ഈ സമയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. അതേസമയം, തെക്കു-പടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. നേരത്തെ കണക്കാക്കിയത് പോലെ നാളെയോടെ (മേയ് 26) കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
