മുനമ്പം പോലെയുള്ള ഒരു വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തി എടുക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയാൻ പാടുണ്ടോയെന്ന് എ എ റഹീം എംപി. എൽ ഡി എഫ് സർക്കാർ അരുതാത്ത ഒരു കാര്യം ചെയ്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് നട്ടാൽ മുളക്കാത്ത നുണയാണ്. 10 മിനിറ്റിനകം പ്രശ്‌നം പരിഹരിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വഖഫ് ഭൂമി എന്ന് തെളിഞ്ഞാൽ അവർ കൈയേറ്റക്കാരാണ് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്തെ ഭൂമി വക രജിസ്റ്ററിൽ ചേർക്കപ്പെട്ടത് ഏത് സർക്കാരിന്റെ കാലത്താണ്. 25.5.2019 ലാണ് റജിസ്റ്റർ ചെയ്തത്. അന്ന് വഖഫ് ബോർഡിൽ പ്രവർത്തിച്ചത് എല്ലാം യുഡിഎഫിന്റെ ആൾക്കാരാണ്. റഷീദ് അലി തങ്ങളാണ് ചെയർമാൻ ആയിരുന്നത്. ഉമീദ് പോർട്ടലിൽ ഒരു വഖഫ് ഭൂമിയും പുതുതായി രജിസ്റ്റർ ചെയ്യുകയല്ല ഇപ്പോൾ ചെയ്തത്. അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും എ എ റഹീം പറഞ്ഞു.
10 മിനിറ്റുകൊണ്ട് അങ്ങ് പരിഹരിക്കും എന്ന് പറഞ്ഞ ദിവസത്തിൽ നിന്ന് ഒരു മാറ്റവും ഇപ്പോൾ സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി അന്ന് പറഞ്ഞ കാര്യത്തിൽ നിന്ന് പിന്മാറാനുള്ള ഒരു അവകാശവാദവും ഇപ്പോൾ ഉണ്ടായിട്ടില്ല. ഇത് 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം. അല്ലാതെ മറ്റാരുടെയും പുറത്തു കൊണ്ട് പഴിചാരാൻ പാടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടിയുള്ള തീരുമാനം തന്നെയാകും എൽഡിഎഫ് കൈക്കൊള്ളുകയെന്നും എ എ റഹീം പറഞ്ഞു.
