തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ പുനരധിവാസം വൈകുന്നതിൽ വിമർശനവുമായി സിപിഐഎം. കല്ലിട്ട് നൂറുദിവസം പിന്നിട്ടിട്ടും ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം കോൺഗ്രസ് ആരംഭിച്ചിട്ടില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ കണ്ണീർ കാണിച്ച് പണംതട്ടിയ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയുമെത്തിച്ച് കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയിൽ കല്ലിട്ടതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.
100 ദിവസം പിന്നിട്ട ശനിയാഴ്ചവരെ ഒരു വീടിന്റെപോലും നിർമ്മാണപ്പണി നടത്തിയിട്ടില്ല. നിർമ്മാണ അനുമതി വാങ്ങുകയോ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ‘നിർമാണം ആരംഭിച്ചു, നിങ്ങൾ പോയിനോക്കൂ’ എന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞ ഭൂമി ഇന്ന് കാടുകയറിയ നിലയിലാണെന്നും സിപിഐഎം പറഞ്ഞു.
പണി ആരംഭിച്ചിട്ടില്ലെന്നത് പുറത്തറിയിക്കാതിരിക്കാനും മാധ്യമപ്രവർത്തകർ ചിത്രവും ദൃശ്യവും പകർത്തുന്നത് തടയാനും ഉയരത്തിൽ തകര ഷീറ്റിട്ട് ഭൂമി മറച്ചിട്ടുണ്ട്. എന്നാൽ, മൂന്നാഴ്ച മുമ്പ് കാട്ടാനയെത്തി തകര ഷീറ്റ് തകർത്ത് ഭൂമിയിൽ പ്രവേശിച്ചിരുന്നു. കെപിസിസി 100 വീട്, രാഹുൽ ഗാന്ധി 100 വീട്, യൂത്ത് കോൺഗ്രസ് 30 വീട് എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചാണ് കോൺഗ്രസ് പണംപിരിച്ചത്. പരമാവധി 25 വീട് മാത്രം നിർമിക്കാനാകുന്ന 5.42 ഏക്കർ ഭൂമിയാണ് കുന്നംബേട്ടയിൽ വാങ്ങിയതെന്നും സിപിഐഎം പറഞ്ഞു. കോൺഗ്രസിനെ വിശ്വസിച്ച് എൽഡിഎഫ് സർക്കാരിൽനിന്ന് 15 ലക്ഷം രൂപ വാങ്ങി ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവച്ചവരാണ് വഞ്ചിക്കപ്പെട്ടത്. കൽപ്പറ്റ നഗരത്തിൽ എൽഡിഎഫ് സർക്കാർ കൈമാറിയ ടൗൺഷിപ്പിലെ വീടുകളിൽ ഗുണഭോക്താക്കൾ താമസം ആരംഭിച്ചുവെന്നും സിപിഐഎം കൂട്ടിച്ചേർത്തു.
