കോഴിക്കോട് : നാദാപുരം തൂണേരിയിൽ മുളളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. നരിപ്പറ്റ കിണറുള്ള കൈതചാലിൽ ലിജേഷ് കുമാർ (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തൂണേരി ബാലവാടി ബസ് സ്റ്റേപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ലിജേഷിന്റെ ഭാര്യ സൗമ്യയ്ക്കും പരുക്കേറ്റു. ഇരുവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. റോഡിൽ തലയിടിച്ചു സാരമായി പരുക്കേറ്റ ലിജേഷിനെ മൊടക്കല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗമ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കക്കട്ട് ടൗണിലെ ഓട്ടോറിക്ഷ ജീവനക്കാരനായിരുന്നു ലിജേഷ്.
