നാദാപുരം കവർച്ചാ കേസ്: ഒരു ഐഫോൺ എറണാകുളത്തുനിന്ന് കണ്ടെടുത്തു; രണ്ടെണ്ണം കൂടി ആക്ടീവ്

news image
Nov 6, 2026, 4:30 am GMT+0000 payyolionline.in

നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഒരു ഐഫോൺ 17 പ്രോ മോഡൽ എറണാകുളത്തുനിന്ന് കണ്ടെടുത്തു. മോഷ്ടിക്കപ്പെട്ട ഫോണുകളുടെ വിവരങ്ങൾ പോലീസ് ആപ്പിൾ കമ്പനിക്ക് കൈമാറിയതിനെത്തുടർന്ന് എറണാകുളത്ത് ഒരു ഫോൺ ആക്ടീവായതോടെയാണ് ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെന്നൈയിൽനിന്ന് 1,35,000 രൂപ നൽകിയാണ് ഈ ഫോൺ വാങ്ങിയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

​നിലവിൽ രണ്ട് ഐഫോണുകൾകൂടി ആക്ടീവായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയിലൊന്ന് ഡൽഹിയിലും മറ്റൊന്ന് ഉത്തർപ്രദേശിലുമാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇവ വീണ്ടെടുക്കാനും പ്രതികളെ വലയിലാക്കാനുമുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. നാദാപുരം ഡിവൈ.എസ്.പി. പി.എം. മനോജിന്റെ മേൽനോട്ടത്തിൽ സി.ഐ. കെ. മുരളീധരൻ, എസ്.ഐ. മനോജ്, സ്ക്വാഡ് അംഗങ്ങളായ അരുൺ, വിജയൻ, അജേഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഒന്നരമാസം മുൻപ് നടന്ന വൻ കവർച്ചയിലെ പ്രതികളെ ഇതുവരെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയരുകയും കഴിഞ്ഞദിവസം സർവകക്ഷിയോഗം ചേർന്ന് കർമസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe