എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; ലക്ഷ്യം ഇന്ധന വിലക്കയറ്റം തടയുക

news image
Jun 11, 2026, 6:51 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലക്കയറ്റം പ്രതിസന്ധി തീർക്കുന്ന പശ്ചാത്തലത്തിൽ, എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ. 22%, 25%, 27%, 30% എന്നീ അനുപാതങ്ങളിൽ എഥനോൾ ചേർത്ത പെട്രോളിനെയാണ് കേന്ദ്ര എക്സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമെടുത്തത്. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിക്ക് പുറമെ ഈ ഇന്ധനങ്ങൾക്ക് ചുമത്തിയിരുന്ന റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാര്‍ഷിക ഇൻഫ്രാസ്ട്രക്ചർ സെസ് (AIDC) എന്നിവയും സർക്കാർ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.

​പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുകയും, ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിന് കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എഥനോൾ ചേർത്ത ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ തോത് കുറയ്ക്കാനാണ് രാജ്യം നിലവിൽ ശ്രമിക്കുന്നത്. എക്സൈസ് നികുതിയിലെ ഈ ഇളവ് എഥനോൾ ഇന്ധനങ്ങളിലേക്ക് മാറാൻ ഉപഭോക്താക്കളെ കൂടുതൽ പ്രേരിപ്പിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

​അതേസമയം, എഥനോൾ കലർത്തിയ പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമതയെ ബാധിക്കുമെന്ന മുൻ കണ്ടെത്തലുകൾ ഈ തീരുമാനത്തോടൊപ്പം വീണ്ടും സജീവ ചർച്ചയാവുകയാണ്. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (ഇ20) ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുമെന്ന് കേന്ദ്രസർക്കാർ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ സാന്ദ്രത (Energy Density) കുറവായതിനാലാണ് മൈലേജിൽ ഇത്തരത്തിലുള്ള കുറവ് വരാൻ സാധ്യതയുള്ളതെന്നായിരുന്നു അന്ന് കേന്ദ്രം നൽകിയ ഔദ്യോഗിക വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe