ഉരുൾപൊട്ടൽ: വിലങ്ങാടിന്റെ വീണ്ടെടുപ്പ് അനന്തമായി നീളുന്നു; പ്രതീക്ഷ മുഖ്യമന്ത്രിയിൽ

news image
Jun 12, 2026, 4:35 am GMT+0000 payyolionline.in

നാദാപുരം ∙ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിന്ന വിലങ്ങാടിന്റെ വേദന പ്രതിപക്ഷ നേതാവായിരിക്കെ നേരിൽ കണ്ട വി.ഡി.സതീശൻ, മുഖ്യമന്ത്രിയായതോടെ വിലങ്ങാടിന്റെ വീണ്ടെടുപ്പിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ. എൽഡിഎഫ് ഭരണ കാലത്ത് 5 മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥരും വിലങ്ങാട്ട് എത്തിയിരുന്നെങ്കിലും കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാടിനു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല.

മരിച്ച റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായവും വീടുകൾ നഷ്ടമായവർക്കുള്ള ധനസഹായവും അനുവദിച്ചത് ഒഴിച്ചാൽ വിലങ്ങാടിന്റെ പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കുന്ന കാര്യത്തിൽ തുടങ്ങി അത്യാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലും കാര്യമായി ഒന്നും ചെയ്തിരുന്നില്ല.

വിലങ്ങാട് ടൗൺ പാലത്തിനോടു ചേർന്നു വാണിമേൽ പഞ്ചായത്ത് പണിത ബസ് കാത്തിരിപ്പു കേന്ദ്രം പൂർണമായി തകർന്നതു പോലും ഇതു വരെ പുനർനിർമിക്കാൻ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, മഞ്ഞച്ചീളി പാലം, വായാട് പാലം, വിലങ്ങാട് ടൗൺ പാലം, വിലങ്ങാട് അങ്ങാടിയിലെ റോഡുകൾ, പുഴയോര ഭിത്തികൾ നിർമാണം എന്നിവയൊന്നും എവിടെയും എത്തിയിട്ടില്ല.

ടൗൺ പാലത്തിനു പുതിയ എസ്റ്റിമേറ്റും ഡിസൈനും പ്ലാനും ആയതാണെങ്കിലും പണി തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിയിട്ടില്ല. 2 വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ‌ തകർന്ന വായാട് പാലവും മഞ്ഞച്ചീളിയിലെ പാലവുമെല്ലാം താൽക്കാലികമായാണു നന്നാക്കിയത്. മലയോര ഹൈവേ കടന്നു പോകുന്ന വിലങ്ങാട് അങ്ങാടി അടങ്ങുന്ന പ്രദേശത്തും മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലും വിലങ്ങാടിനായുള്ള വികസന പദ്ധതി അടങ്ങുന്ന സമഗ്ര പാക്കേജ് അനിവാര്യമാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe