തുറയൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; കോഴിക്കോട് ജില്ലയിൽ രോഗബാധിതർ 12 ആയി, പ്രതിരോധം ഊർജ്ജിതം

news image
Jun 14, 2026, 6:38 am GMT+0000 payyolionline.in

തുറയൂർ: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തുറയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ കീരൻകൈയിൽ താമസിക്കുന്ന ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പയ്യോളിയിൽ ഷിഗെല്ല സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ ബന്ധുവാണ് ഈ കുട്ടി.

പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഷിഗെല്ല ബാധ കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

നേരത്തെ പഞ്ചായത്തിലെ നാലാം വാർഡിലാണ് രോഗബാധയെന്ന രീതിയിൽ ചില പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ, നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ബന്ധുവീട് നാലാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വീടുമായുള്ള സമ്പർക്ക പശ്ചാത്തലമാണ് ഇത്തരമൊരു തെറ്റായ പ്രചരണമുണ്ടാവാൻ കാരണം.

തുറയൂരിലെ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe