തിരുവനന്തപുരം: കിഫ്ബിയിൽ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) നിർണായക നിയന്ത്രണങ്ങളുമായി സർക്കാർ മുന്നോട്ട്. ഇതിനകം അനുമതി നൽകിയതെങ്കിലും നിർമ്മാണം ആരംഭിക്കാത്ത പുതിയ പദ്ധതികൾക്ക് ഇനി പണം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഇത്തരം പദ്ധതികളുടെ നിർമ്മാണവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാൽ, നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾക്ക് തടസ്സമുണ്ടാകില്ലെന്നും ഇവ പൂർത്തിയാക്കാൻ ആവശ്യമായ സാമ്പത്തിക സഹായം തുടർന്നും നൽകുമെന്നും വ്യക്തമാക്കായിട്ടുണ്ട്. ഒപ്പം, അനുമതി തേടി കിഫ്ബിക്ക് മുന്നിലുള്ള പുതിയ ഫയലുകളിൽ തൽക്കാലം തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്നും പ്രവർത്തനരീതി പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി മുൻ സർക്കാർ രൂപീകരിച്ച സർക്കാർ നിയന്ത്രിത ധനകാര്യ ഏജൻസിയായ കിഫ്ബിക്കെതിരെ നിലവിലെ സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ധനപ്രതിസന്ധി സങ്കീർണ്ണമാക്കാൻ ഇത് കാരണമായെന്നുമാണ് ധവളപത്രത്തിൽ പറയുന്നത്. മുൻഗണനകൾ നിശ്ചയിച്ചതിൽ തന്ത്രപരമായ സമീപനത്തേക്കാൾ രാഷ്ട്രീയം പ്രതിഫലിച്ചതായും കണ്ണൂർ ജില്ലയ്ക്ക് മാത്രം 20 ശതമാനം തുക അനുവദിച്ചപ്പോൾ തിരുവനന്തപുരത്തിന് 17-ഉം എറണാകുളത്തിന് 11-ഉം ശതമാനം മാത്രമാണ് നൽകിയതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കിഫ്ബിയുടെ കടമെടുപ്പിൽ ധനവകുപ്പിന് പൂർണ്ണ നിയന്ത്രണമില്ലാത്തതും കടമെടുപ്പ് വിവരങ്ങൾ ഔദ്യോഗിക ബജറ്റിൽ നിന്ന് ഒഴിവാക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും സർക്കാർ വിമർശിക്കുന്നു. കൺസൾട്ടൻസികൾക്ക് പണം നൽകിയതിലും മസാല ബോണ്ടിലും കടമെടുത്ത പണം ബാങ്കുകളിൽ നിക്ഷേപിച്ചതിലും ഫോറൻസിക് ഓഡിറ്റ് നടത്തുമെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
