തിരുവനന്തപുരം: സംസ്ഥാനത്ത് പിടിമുറുക്കി കോസ്‌മെറ്റിക്ക് മാഫിയ. സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ സുലഭമെന്ന് പരിശോധനയിൽ കണ്ടെത്തി. ലിപ്സ്റ്റിക്കിലും ഫേസ്‌ക്രീമുകളിലും അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറിയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമായി. മറ്റ് രാജ്യങ്ങളിൽ നിരോധിച്ച കോസ്‌മെറ്റിക്ക് വസ്തുക്കളും കേരളത്തിൽ വിൽപന നടത്തുന്നുണ്ട്. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളം കേന്ദ്രീകരിച്ച് നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാർക്കിടയിലും കുട്ടികൾക്കിടയിലും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം വർധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇതോടെയാണ് ഒരു കോസ്മറ്റിക്ക് മാഫിയ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്. വിദേശ നിർമിത വസ്തുക്കൾ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയാണ് വിപണയിലെത്തുന്നത്.
കോട്ടയത്താണ് ഒരു കടയിൽ ഇവയുടെ നിർമാണം നടത്തിവന്നത്. ത്വക്ക് രോഗങ്ങൾക്കും കാൻസറിനും കാരണമാകുന്ന വസ്തുക്കൾ ചേർത്താണ് ഇവ നിർമിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം യൂണിറ്റുകൾ വഴി പാക് നിർമിത കോസ്‌മെറ്റിക്ക് വസ്തുക്കൾ ഉൾപ്പെടെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശം.
