ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം, തൃശൂരിൽ 4 പേർ പിടിയിൽ

news image
Aug 18, 2026, 9:04 am GMT+0000 payyolionline.in

തൃശൂർ: ബൈക്ക് സൈലൻസറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. രണ്ട് യുവാക്കളെ കല്ല്, ഹെൽമറ്റ്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളാണ് പിടിയിലായത്. മുരിങ്ങൂർ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുളിക്കൽ വീട്ടിൽ സുജിത്ത് (21), ചാലക്കുടി വി.ആർ. പുരം സ്വദേശി പടിഞ്ഞാറേതിൽ വീട്ടിൽ അഞ്ജൽ (21), മുരിങ്ങൂർ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ എബിൻ (22), കാതിക്കുടം സ്വദേശി പൂലൂത്ത് വീട്ടിൽ അതുൽകൃഷ്ണ (22) എന്നിവരാണ് പിടിയിലായത്. ഇതിൽ സുജിത്ത് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. ഇക്കഴിഞ്ഞ 16ന് രാത്രി 11 ഓടെയായിരുന്നു സംഭവം. കാതിക്കുടം സ്വദേശി സുധിയുടെ വീടിന് മുന്നിലൂടെ പ്രതികൾ രണ്ട് ബൈക്കുകളിൽ സൈലൻസറിൽ നിന്ന് അമിത ശബ്ദമുണ്ടാക്കി പോയി. ഇത് കണ്ട് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന സുധി ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ സുധിയെ കല്ല്, ഹെൽമറ്റ്, വടി എന്നിവ ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ശബ്ദം കേട്ട് അയൽവാസികളെത്തിയതോടെയാണ് പ്രതികൾ ആക്രമണത്തിൽ നിന്നും പിന്തിരിഞ്ഞത്.

സുജിത്ത് കൊരട്ടി, ചാലക്കുടി, മാള, അതിരപ്പിള്ളി, നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്‌സോ കേസിലും, ഒരു വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസുകളിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം പത്ത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. എബിൻ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലെ പ്രതിയാണ്. അതുൽകൃഷ്ണ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe