കോഴിക്കോട്: എളേറ്റിൽ വട്ടോളി – പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് അഞ്ചടിയോളം ഉയരമുള്ള ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ അതോ ഉപേക്ഷിച്ച വിത്തിൽ നിന്ന് സ്വാഭാവികമായി മുളച്ചതാണോ എന്നതിൽ താമരശ്ശേരി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുമ്പ് പ്രദേശത്തെ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന് മുകളിൽ നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് ലഹരി വിൽപ്പനയോ ഉപയോഗമോ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
