കാര്യവട്ടം : നിർണായക മത്സരത്തില്‍ ട്രിവാൻഡ്രം റോയല്‍സിനെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനലിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് 19.3 ഓവറില്‍ 177 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. (സ്കോർ: കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 184/6, ട്രിവാൻഡ്രം റോയല്‍സ്- 177).
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ടിന് തുടക്കം പിഴച്ചെങ്കിലും രോഹൻ കുന്നുമ്മലും (35) അഖില്‍ സ്കറിയയും ചേർന്ന് ടീമിനെ മുന്നോട്ടു കൊണ്ടുപോയി. തുടർന്ന് ജോസ് പെരയല് (15 പന്തില്‍ 31), സല്മാൻ നിസാർ (31), അശ്വിൻ ആനന്ദ് (24) എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് സ്കോർ 184-ൽ എത്തിച്ചത്. നാലു റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റ് രണ്ടാം ഓവറിൽ തന്നെ കാലിക്കട്ടിന് നഷ്ടമായിരുന്നു.
185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് വേണ്ടി വിഷ്ണുവിനോദ് സെഞ്ചുറി പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷ് പുത്തൂരാണ് കാലിക്കട്ടിനായി ബൗളിംഗിൽ തിളങ്ങിയത്.
ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സിനെയും (ഉച്ചകഴിഞ്ഞ് 2.30), രണ്ടാം സെമിയില്‍ ആലപ്പി റിപ്പിള്‍സ് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സിനെയും നേരിടും.
