തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അടുത്ത നാലു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നൽ അപകടസാധ്യതയുള്ളതിനാൽ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്നും മരച്ചുവട്ടിൽ നിന്നും മാറി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജലാശയങ്ങളിലിറങ്ങുന്നത് ഒഴിവാക്കുക, ഫോൺ ചാർജ് ചെയ്യുന്നതും ലാൻഡ് ലൈൻ ഉപയോഗിക്കുന്നതും ഒഴിവാക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകാനും വൈദ്യസഹായം ലഭ്യമാക്കാനും മടിക്കരുത്.
അതേസമയം, സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. ചൂട് വർധിച്ചതിനെ തുടർന്ന് രാത്രിയിലെ വൈദ്യുതി ആവശ്യകത ഉയർന്ന് 5000 മെഗാവാട്ടിലേക്ക് അടുത്തതാണ് അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായത്. ഇന്നും 600 മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും നാളെയോടെ നിയന്ത്രണം പൂർണമായി ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നത്.
