പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛത ഹി സേവ 2026 – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി വിവിധ ശുചീകരണ പ്രവർത്തനങ്ങളും ശുചിത്വ റാലിയും സംഘടിപ്പിച്ചു. മാലിന്യമുക്തമായ പരിസരവും ശുചിത്വമുള്ള നഗരസഭയും ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ക്യാമ്പയിന്റെ ഭാഗമായി പയ്യോളി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ഓഫീസ് പരിസരം, മാർക്കറ്റ് റോഡ്, ബീച്ച് റോഡ്, അങ്കണവാടികൾ എന്നിവിടങ്ങളിലും വിവിധ വാർഡുകളിലും വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൊതുജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കുന്നതിനായാണ് ശുചിത്വ റാലി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എൻ. സാഹിറ നിർവഹിച്ചു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. സിന്ധു, പി.എം. ഹയറുന്നിസ, മറ്റ് ജനപ്രതിനിധികൾ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷൻ, രജില എ.എം., ശുചിത്വ മിഷൻ വൈ.പി. ടി. ജമീഷ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ, കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിലും റാലിയിലും പങ്കെടുത്തു.
