കോഴിക്കോട്: ജിംനേഷ്യത്തിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയും വിൽപനയിലൂടെ ലഭിച്ച പണവും പിടികൂടിയ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പ്രധാന കണ്ണിയെയും പൊലീസ് പിടികൂടി. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയ കേസിലെ നാലാം പ്രതി ബേപ്പൂർ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്തി(28) നെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡും, പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 18-ാം തിയ്യതിയിലാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ജിംനേഷ്യത്തിൽ പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന നടത്തിപ്പുകാരായ ബേപ്പൂർ പൂന്നാർവളപ്പ് കോഴിക്കോടൻ വീട്ടിൽ ജംഷീദ്(40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ ലിജാസ് എം.കെ (36), ഫറോക്ക് ചുങ്കം ഹരിത നഗറിൽ താമസിക്കുന്ന ബേപ്പൂർ മേലേതൊടി അധികാരി വീട്ടിൽ അർഷാദ്(32) എന്നിവരിൽ നിന്നായി 228.31 ഗ്രാം എം.ഡി.എം.എയും, 37.320 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിറ്റ് കിട്ടിയ 41,830 രൂപയും പിടികൂടുകയായിരുന്നു.
ഇവർ നിലവിൽ റിമാന്റിലാണ്. ചോദ്യം ചെയ്തതിൽ നിന്നും യാസർ അറാഫത് ആണ് ഇവർക്ക് ലഹരി എത്തിച്ച് നൽകുന്നതെന്ന് മനസ്സിലാവുകയും തുടർന്ന് സൈബർ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതി ബെംഗളൂരുവിലാണ് എന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
