നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം: ഡ്രൈവർക്ക് പുറമെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു

news image
Oct 12, 2026, 5:33 am GMT+0000 payyolionline.in

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, സുഹൈലിൻറെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. വാഹനത്തിൻ്റെ ഇവൻ്റ് ഡാറ്റാ റെക്കോഡർ പൊലീസ് പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറിൽ നിന്നും തിരിച്ചറിയാം. അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും പതിയും. എത്ര ദൂരം ആക്സിലേറ്റർ പെഡൽ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആർ ശേഖരിക്കും. സുഹൈൽ നിലവിൽ റിമാൻഡിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe