ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

news image
Nov 28, 2026, 1:51 am GMT+0000 payyolionline.in

കണ്ണൂര്‍: ഇരിട്ടിയിൽ വെച്ച് കര്‍ണാടക സ്വദേശി ശോഭയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ശോഭയുടെ രണ്ട് മക്കള്‍ക്ക് നൽകാന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഏറെ പ്രമാദമായ ശോഭ കൊലക്കേസാണ് ഉയിര് എന്ന സിനിമക്ക് കാരണമായത്.

ശോഭ കൊല്ലപ്പെടുമ്പോൾ അഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന മൂത്ത മകന്റെ സാക്ഷി മൊഴിയാണ് കേസിൽ നിർണായകമായത്. അമ്മയെ രണ്ടാനച്ഛന് മഞജുനാഥ് കഴുത്തി ഞെരിച്ചു കൊലപ്പെടുത്തുമ്പോൾ ദൃക്സാക്ഷിയായിരുന്നു ആ അഞ്ചു വയസുകാരൻ. മഞ്ജു നാഥിനെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റത്തിന് പുറമേ ജെ ജെ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞു. ജീവപര്യന്തം തടവാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മഞ്ജുനാഥിന് വിധിച്ചത്. പിഴത്തുകയായ മൂന്ന് ലക്ഷം രൂപ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും അനുഭവിക്കണം. കേസ് അന്വേഷണത്തിൽ പ്രധാന പങ്ക് വഹിച്ച ഇരിട്ടി സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐ ആയിരുന്ന അൻഷാദിന്റെ ഇടപെടലിനെ കോടതി അഭിനന്ദിച്ചു.

2017 ജനുവരി 21നായിരുന്നു ശോഭയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന ഇരിട്ടിയിലെ ഷെഡിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ശോഭയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി. അന്വേഷണം രണ്ടാം ഭർത്താവായ മഞ്ജുനാഥിലേക്കെത്തി. ഇയാൾ പിടിയിലായപ്പോളാണ് ശോഭയുടെ രണ്ടു മക്കളേയും ട്രെയിനിൽ ഉപേക്ഷിച്ച കാര്യം പൊലീസിനോട് പറയുന്നത്. കൊലയ്ക്കു ശേഷം കുട്ടികളെ മുംബൈയ്ക്കുള്ള ട്രെയിനിലിരുത്തി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് മഞ്ജുനാഥ് പുറത്തിറങ്ങി മുങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ എസ് ഐ അൻഷാദ് മുംബൈയിലെത്തി കുട്ടികളെ കണ്ടെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അൻഷാദാണ് കുട്ടികളെ ഇപ്പോൾ സംരക്ഷിക്കുന്നത്. ആദ്യ ഭർത്താവായ രാജുവിനെ ശോഭയും മഞ്ജുനാഥും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോളാണ് ശോഭയെ കൊലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe