നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്, എഫ്ഐആറിൽ പേരില്ലെന്ന വിവാദം അടിസ്ഥാന രഹിതം

news image
Oct 13, 2026, 10:33 am GMT+0000 payyolionline.in

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ സുഹൈൽ സജീവിനെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമെന്നും പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.

മദ്യം ലഹരിയിൽ മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും റിമാൻഡിലാണ്. എറണാകുളം റൂറൽ പോലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈലിന്റെ കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് നൽകും. നാളെ അങ്കമാലി കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, കേസിലെ എഫ്ഐഐറിൽ സുഹൈൽ സജീവിന്റെ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറയുന്നു. ദൃക്‌സാക്ഷികൾ പറഞ്ഞ പ്രാഥമിക വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് എഫ്ഐഐർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതി ചേർത്തത്. 18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതി നിയമ പ്രകാരമാണ് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് പറയുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി

അതിനിടെ, പ്രായപൂർത്തിയാവുന്നതിന് മുൻപ് ബാറിൽ പോയി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തു. മദ്യം നൽകിയ ബാറുകൾക്കെതിരെയും എക്സൈസ് നടപടി തുടങ്ങി. സുഹൈൽ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പും തുടങ്ങിയിട്ടുണ്ട്. അതേസമയം, അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സുഹൈൽ സജീവ് ജാമ്യപേക്ഷയും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe