നെടുമ്പാശ്ശേരി വാഹനാപകടം; 19കാരനായ സുഹൈലിനും സുഹൃത്തുകൾക്കും മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

news image
Oct 14, 2026, 2:42 pm GMT+0000 payyolionline.in

കൊച്ചി: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ ജീവഹാനിയ്ക്ക് ഇടയാക്കിയ സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ നടപടി. പത്തൊൻപതുകാരനായ ഒന്നാം പ്രതി സുഹൈൽ സജീവനും സുഹൃത്തുക്കൾക്കും മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക് ഉത്തരവിട്ടത്.

മദ്യം വിതരണം ചെയ്യാനുള്ള പ്രായം ഇരുപത്തി മൂന്ന് എന്നിരിക്കെ പത്തൊൻപതുകാരന് മദ്യം നൽകിയത് ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അപകടത്തിന് പിന്നാലെ ബാറുകളുടെ ലൈസൻസികൾക്കെതിരെ കേസെടുത്തിരുന്നു. നടപടി വൈകുന്നതിൽ എക്സൈസ് വകുപ്പിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഇടപെടൽ.

 

അതേസമയം, മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി.സുഹൈൽ, അമീൻ, ജോയൽ, നിനവ് എന്നിവരെ കനത്ത പൊലീസ് സുരക്ഷയിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്. എറണാകുളം റൂറൽ SP യുടെ മേൽനോട്ടത്തിൽ DYSP ബൈജു പൗലോസ് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഒന്നാം പ്രതി സുഹൈലിന്റെ ജാമ്യ ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.

 

അപകടത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തു. മദ്യപിച്ച് അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്. പ്രതികൾക്ക് പ്രായത്തിന്റെ അനുകൂല്യം നൽകരുത്. മരിച്ച കുട്ടികൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

 

കുട്ടികളുടെ മരണം സങ്കടപ്പെടുത്തുന്നത് എന്ന് പ്രതിഭാഗം പറഞ്ഞു. എന്നാൽ മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സത്യസന്ധമായ അന്വേഷണം നടത്തണം. പൊലീസ്, മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് പ്രതിഭാഗം ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe