പയ്യോളി: ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലും, പൊരുതുന്ന വിദ്യാർത്ഥി-യുവജനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസന നടപടികൾക്കെതിരെയും മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് പയ്യോളിയിൽ നടന്ന ‘ജന്തർ മന്തർ’ സമര സദസ്സ് ആഹ്വാനം ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്.ഐ.ആർ (SIR) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമര സദസ്സ് വൻ ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കവിയും നോവലിസ്റ്റുമായ പി. എൻ. ഗോപീകൃഷ്ണൻ സമരസദസ്സ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം പയ്യോളി ഏരിയ പ്രസിഡന്റ് ഡോ. ആർ. കെ. സതീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. കെ. കൃഷ്ണദാസ് കവിത ആലപിച്ചും അഭിലാഷ് തിരുവോത്ത് ചിത്രം വരച്ചും സദസ്സിന് തുടക്കം കുറിച്ചു.
സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ. ബേബി, എഴുത്തുകാരനും പ്രഭാഷകനുമായ കെ. ഇ. എൻ. കുഞ്ഞഹമ്മദ് എന്നിവർ ഓൺലൈൻ വഴി സമരസദസ്സിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത എൻ. ടി. അതുൽ രാജ്, ഇ. സി. സജീർ, ഫിദൽ റോയാസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
തുടർന്ന് ദിലീപ് കിഴൂർ, പി. എം. സുധീഷ്, സുഭാഷ് കൊളാവിപ്പാലം, വിജയൻ പെരിങ്ങാട് എന്നിവരുടെ തത്സമയ ചിത്രരചനകളും വിനീത പുറക്കാട്, സോമൻ മേലടി എന്നിവരുടെ കവിതാവതരണവും നടന്നു.
പി. കെ. പോക്കർ, ദീപ ഡി ഓൾഗ, എം. പി. ഷിബു, കെ. ശശിധരൻ, ചെറിയാവി സുരേഷ് ബാബു, സെയ്ദ് സലിഹ്, പി. എം. അഷറഫ്, ബഷീർ മേലടി, സോമൻ കടലൂർ, ചന്ദ്രൻ മുദ്ര എന്നിവർ സംസാരിച്ചു. മൊണ്ടാഷ് ഫിലിം സൊസൈറ്റിക്കു വേണ്ടി എം. പി. സുരേന്ദ്രൻ സ്വാഗതവും പി. കെ. ശശികുമാർ നന്ദിയും പറഞ്ഞു.
