കോഴിക്കോട് : ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാനായി മരത്തിൽ കയറിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. നിലമ്പൂർ സ്വദേശിയായ യുവാവിനെയാണ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. യുവാവിനെ ആശ്വസിപ്പിച്ച ശേഷം പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വെള്ളിപറമ്പ് കയറ്റത്തിലെ സിനിമാ തിയേറ്ററിന് മുന്നിലുള്ള മരത്തിന് ചുവട്ടിൽ ഒരാൾ മുകളിലേക്ക് നോക്കിനിൽക്കുന്നത് എ.എസ്.ഐ. പ്രേമൻ മുചുകുന്നിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു യുവാവ് ഏറെ നേരമായി മരത്തിന് മുകളിൽ നിൽക്കുകയാണെന്ന് അറിഞ്ഞത്. പോലീസ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മറുപടി നൽകാനോ താഴെയിറങ്ങാനോ തയ്യാറായില്ല. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരത്തിൽ കയറി യുവാവിനെ സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ ചികിത്സയിലാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. ഇയാൾ നൽകിയ ഫോൺ നമ്പറിൽ പോലീസ് ബന്ധപ്പെട്ടപ്പോൾ ഫോണെടുത്ത മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് യുവാവിന്റെ ഭാര്യ മരിച്ചുപോയ വിവരം അറിയിച്ചത്.
ഭാര്യയുടെ മരണവാർത്ത അറിഞ്ഞതുമുതൽ കടുത്ത മനോവിഷമത്തിലായിരുന്ന യുവാവ് ബന്ധുക്കളോട് പോലും പറയാതെ ഫോൺ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായി മരത്തിൽ കയറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യുവാവിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് പോലീസിന്റെ ഫോൺ സന്ദേശമെത്തുന്നത്. എ.എസ്.ഐ. പ്രേമൻ മുചുകുന്ന്, സിവിൽ പോലീസ് ഓഫീസർ രഞ്ജു, ഹോം ഗാർഡ് അനീഷ് എന്നിവരടങ്ങിയ സംഘം യുവാവിനെ ഏറെ നേരം ആശ്വസിപ്പിച്ച ശേഷമാണ് ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറിയത്.
