എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരത്തെ ഇങ്ങനെ വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശന്: വി ശിവൻകുട്ടി

news image
Nov 18, 2026, 7:26 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൽപിഎസ്ടി സമരം, മയിൽപ്പീലി സ്‌കോളർഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലം മാറ്റങ്ങൾ, ട്രെയിനിങ് തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. എൽപിഎസ്ടി സമരത്തെ ഈ വിധത്തിൽ വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഓടിനടന്ന് നടക്കാത്ത കാര്യങ്ങൾ വരെ തങ്ങൾ അധികാരത്തിലേറിയാൽ നടത്തുമെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി. അതാണ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത മുസ്ലീം ലീഗിനെതിരെയും രൂക്ഷ വിമർശനമാണ് വി ശിവൻകുട്ടി ഉന്നയിച്ചത്. വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിക്കാനുള്ള ആർഎസ്എസ് ശ്രമങ്ങൾക്ക് മുസ്ലീം ലീഗ് പൂർണമായി കീഴടങ്ങിയെന്ന് അദ്ദേഹം വിമർശിച്ചു. അധ്യാപകർക്ക് കൃത്യമായി ട്രെയിനിങ് നൽകാൻ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. തങ്ങൾ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൃത്യമായ ഇടവേളകളിൽ ട്രെയിനിങ് നൽകിയിരുന്നുവെന്ന് എല്ലാവർക്കും അറിയാം. സെൻസസ് പോലുള്ള കാര്യങ്ങൾക്ക് അധ്യാപകർ പോകുമ്പോൾ കുട്ടികൾക്ക് വെറുതെയിരിക്കേണ്ടി വന്നിരുന്നില്ല. അന്നൊക്കെ ഡെയിലി വേജസ് അധ്യാപകരെ ഏർപ്പെടുത്താൻ അനുമതി നൽകുമായിരുന്നു. ഇപ്പോൾ കുട്ടികൾ ക്ലാസുകളിൽ വെറുതെയിരിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ വകുപ്പിൽ മര്യാദയില്ലാത്ത സ്ഥലംമാറ്റങ്ങൾ നടത്തുന്നതായും അദ്ദേഹം ആരോപണമുന്നയിച്ചു. നോംസ് പാലിക്കാതെയുള്ള ഇത്തരം സ്ഥലംമാറ്റങ്ങൾ അക്കാദമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe