കൊല്ലം: ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആര്‍ 8 അഫിനിറ്റി സര്‍വീസസ് എല്‍എല്‍പിയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിക്കുകയാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ ഫ്രാങ്ക് പാട്രി, ഡയറക്ടര്‍ എന്‍ അനീഷ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയില്‍ അസാപ് പാര്‍ക്കില്‍ കമ്പനിയുടെ ഐടി സംരംഭം വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഇതുകൂടാതെ കൊരട്ടിയിലും, ബംഗളൂരൂവിലും പാര്‍ക്കുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത തുറന്നു കൊണ്ടാണ് കുളക്കട അസാപ്പില്‍ കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ് മേഖലയില്‍ ആവശ്യമായ എന്റോള്‍ഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ്പ് ആരംഭിച്ചിരുന്നു. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജി ആര്‍ 8 ജോലി അവസരം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
മുമ്പുതന്നെ കേരളത്തിലെ ഉള്‍ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വിദ്യാസമ്പന്നരെ എന്റോള്‍ഡ് ഏജന്റുമാരായി പരിശീലിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കുളക്കട അസാപ് സ്‌കില്‍ പര്‍ക്കില്‍ സെന്ററില്‍ ആദ്യം പരിശീലനം ലഭിച്ച മുപ്പതോളം പേരില്‍ 25 പേര്‍ക്കും പ്ലെയിസ്‌മെന്റ് കിട്ടി. ഇവരില്‍ 18 പേരെയാണ് ജി ആര്‍ 8 ശാഖയിലേക്ക് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് വലിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും കിട്ടും. കേരളത്തില്‍ എല്ലായിടങ്ങളിലും ചെയ്യാന്‍ പറ്റുന്നവര്‍ക്ക് നിയര്‍ ഹോമും, ചെറിയ നഗരങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളും പുതിയ തൊഴിലിന്റെ സാധ്യതകളാണ് തുറക്കുന്നത്. ഇത് പുതിയ തുടക്കമാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. കൊമേഴ്‌സില്‍ ബിരുദവും ബിരൂദാനന്തര ബിരുദമുള്ളവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി കൊണ്ട് മികച്ച തൊഴില്‍ അവസരം ഒരുക്കാനാകും. വിവിധ ഓണ്‍ലൈന്‍ സേവന മേഖലകളിലൂടെ മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാനുമുള്ള പദ്ധതിക്ക് പുതിയ സംരംഭം മാതൃകയാകുമെന്നും ധനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. അസാപ്പ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക തുടങ്ങിയവരും പങ്കെടുത്തു.