പയ്യോളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പയ്യോളി നോർത്ത്, അയനിക്കാട് മേഖലയിലായി അടിപ്പാത അനുവദിക്കാത്തത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ എന് എച്ച് അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
അയനിക്കാട് ഭാഗത്ത് നിന്ന് ആരംഭിച്ച ജാഥ പയ്യോളി ടൗൺ വരെ എത്തി തിരികെ മടങ്ങി. തുടർന്ന് നടന്ന യോഗത്തിൽ വിദ്യാർത്ഥികളുടെ യാത്ര, രോഗികളുടെ ആശുപത്രി പ്രവേശനം, സാധാരണ ജനങ്ങളുടെ ദൈനംദിന ഗതാഗതം എന്നിവ അടിപ്പാത ഇല്ലാത്തത് മൂലം വലിയ പ്രതിസന്ധിയിലായതായി ചൂണ്ടിക്കാട്ടി.റോഡ് നിർമാണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലാണ് പ്രായോഗിക ബുദ്ധിമുട്ടുകൾ വ്യക്തമായതെന്നും ഇതിനെ തുടർന്നാണ് ജനകീയ പ്രതിഷേധം ശക്തിപ്പെടുത്തിയതെന്നും യോഗം വ്യക്തമാക്കി.യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം, കൺവീനർ മനോജ് തരിപ്പയിൽ, ട്രഷറർ എൻ. സി. മുസ്തഫ, എംപി നാരായണൻ, ഷാഹിദ പുറത്തൂട്ട് എന്നിവർ സംസാരിച്ചു.
ഈ മാസം അവസാനം നടക്കുന്ന മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള സമര പരിപാടികൾ ശക്തമാക്കാനും, വിവരങ്ങൾ സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു. ദേശീയപാത വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന അടിപ്പാത അനുവദിക്കണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.


