അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

news image
Oct 7, 2026, 8:56 am GMT+0000 payyolionline.in

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അടച്ചിട്ട മുറിയിൽ വിചാരണ നടത്തണമെന്നും കോടതി പരിസരത്ത് ദൃശ്യങ്ങൾ പകർത്തുതുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജിയാണ് കോടതി നിരസിച്ചത്. വിചാരണക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

​കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുന്ന രഹസ്യ വിചാരണയ്ക്ക് തക്കതായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിഭാഗത്തിന് സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളും പ്രതികളും തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാൻ ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

​2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളേജിൽ വെച്ച് ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അഭിമന്യു കുത്തേറ്റ് മരിക്കുന്നത്. കേസിലെ പ്രധാന പ്രതി സഹൽ ഹംസ ഉൾപ്പെടെ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ഇവർക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe