രാവിലെ ഒൻപതരയ്ക്ക് സർജറി കഴിഞ്ഞു. തിരിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിയുടെ വായയിലൂടെ ചോര വരുന്നുണ്ടായിരുന്നു. പഞ്ഞി വച്ചിട്ടുണ്ടായിരുന്നു. അതിനുശേഷം 34ആം വാർഡിലേക്ക് പോവാൻ പറഞ്ഞു. ഒബ്സർവേഷനിൽ രണ്ട് മണിക്കൂർ കിടക്കണമെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കുട്ടിയുടെ വിരൽ അങ്ങനെതന്നെയുണ്ട്. സർജറി കഴിഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാ ഒബ്സർവേഷനിൽ കിടത്തിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നാവിന് സർജറി കഴിഞ്ഞെന്നാണ് നഴ്സ് പറഞ്ഞത്. നാവിന് ഒരു പ്രശ്നവുമില്ല, കൈയ്ക്കാണ് പ്രശ്നമെന്ന് താൻ പറഞ്ഞതായും കുട്ടിയുടെ അമ്മ പ്രതികരിച്ചു.
തുടർന്ന് ഡോക്ടറെ കണ്ടപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു. പരാതി പറഞ്ഞപ്പോഴാണ് കുട്ടിക്ക് നാവിന് പ്രശ്നമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞത്. എന്നാൽ നല്ലതുപോലെ സംസാരിക്കുന്ന കുട്ടിയുടെ നാവിന് ഒരു കുഴപ്പവുമില്ലെന്ന് അമ്മ പറയുന്നു.
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാൻ എത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം ഡോക്ടറെ ന്യായീകരിച്ച് കെജിഎംസിടിഎ (കേരള ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) രംഗത്തെത്തി. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമാണ് കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.