ആപ്പ് സേവനങ്ങൾക്ക് തടസ്സമില്ല, ബാങ്കിങ് യൂണിറ്റിന് മാത്രമാണ് നിയന്ത്രണം; വിശദീകരണവുമായി പേടിഎം

news image
Apr 25, 2026, 6:48 am GMT+0000 payyolionline.in

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കിയ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കായി വിശദീകരണവുമായി പേടിഎം രംഗത്തെത്തി. പേടിഎം ആപ്പ് വഴിയുള്ള സാധാരണ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തലാക്കിയിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. യുപിഐ അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾ പഴയതുപോലെ തുടരും.

സാധാരണക്കാർ വ്യാപകമായി ഉപയോഗിക്കുന്ന പേടിഎം ആപ്പ്, യുപിഐ, ക്യുആർ കോഡ്, സൗണ്ട് ബോക്സ്, കാർഡ് മെഷീൻ തുടങ്ങിയ സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കും. പേടിഎം ഗോൾഡ്, പേടിഎം മണി, പേടിഎം ഗേറ്റ്‌വേ തുടങ്ങിയ സേവനങ്ങളും ലഭ്യമായിരിക്കും. ആർബിഐ നിയന്ത്രണങ്ങൾ വന്നതോടെ 2024-ൽ തന്നെ ബാങ്കിങ് വിഭാഗവുമായുള്ള ആപ്പിന്റെ നേരിട്ടുള്ള ബന്ധം ഒഴിവാക്കി സ്വതന്ത്രമായ ബിസിനസ് മോഡലിലേക്ക് മാറിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ബാങ്കിങ് ലൈസൻസ് റദ്ദാക്കിയതോടെ പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയുള്ള ഫാസ്‌ട് ടാഗ് സേവനങ്ങൾക്ക് തടസ്സമുണ്ടാകും. എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ നേരത്തെ നിക്ഷേപിച്ചിട്ടുള്ള പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് തടസ്സമുണ്ടാകില്ല.

2015-ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. എന്നാൽ ചട്ടങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 2022 മുതൽ ആർബിഐ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് വിലക്കുകയും ഒടുവിൽ ഇന്നലെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe