കോഴിക്കോട് നഗരത്തിലെ തിരക്കേറിയ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ അശാസ്ത്രീയമായ പാർക്കിങ് രീതികൾ കാരണം ഗതാഗതക്കുരുക്ക് പതിവാകുന്നു. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് മുൻവശം റോഡിന്റെ ഇരുവശങ്ങളിലും ബൈക്കുകൾ പാർക്ക് ചെയ്യുന്നതിന് പുറമെ, എസ്.കെ. പ്രതിമയ്ക്ക് സമീപത്തെ ഓട്ടോസ്റ്റാൻഡ് ലൈബ്രറി ഭാഗത്തേക്ക് നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ബൈക്കുകളുടെയും ഓട്ടോകളുടെയും നിരകൾക്കിടയിലുള്ള ഇടുങ്ങിയ സ്ഥലത്തിലൂടെ വേണം കാൽനടയാത്രക്കാർക്കും ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്കും കടന്നുപോകാൻ. മിഠായിത്തെരുവ്, ടൗൺഹാൾ, തിയേറ്ററുകൾ, എൽ.ഐ.സി ഓഫീസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ ആശ്രയിക്കുന്ന ഈ റോഡിൽ ഗതാഗതം ദുഷ്കരമായത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ഒൻപത് ഓട്ടോകൾക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുമതിയുള്ളതെന്നും ലൈബ്രറിക്ക് മുന്നിൽ ബാരിക്കേഡുകളും നോ പാർക്കിങ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമം പലപ്പോഴും ലംഘിക്കപ്പെടുകയാണ്. എസ്.കെ. പ്രതിമയ്ക്ക് സമീപത്തെ തിരക്ക് ഒഴിവാക്കാനായി ഓട്ടോ പാർക്കിങ് പഴയ രീതിയിലേക്ക് മാറ്റിയതാണ് ഇപ്പോൾ പബ്ലിക് ലൈബ്രറിക്ക് മുൻപിൽ കുരുക്കുണ്ടാകാൻ കാരണമായത്. കെ.ടി.ഡി.സി.യുടെ പഴയ കെട്ടിടം പൊളിച്ച സ്ഥലത്ത് താൽക്കാലിക പാർക്കിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുമെന്ന ഉറപ്പിലാണ് അധികൃതർ.
