ന്യൂഡൽഹി: രാജ്യത്തെ ഇന്റർനെറ്റ് നിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജിയോ, റിലയൻസ് കമ്പനികളാണ് ഇന്റർനെറ്റ് വിപണിയുടെ ഭൂരിഭാഗവും കൈയാളുന്നതെന്ന് ചൂണ്ടിക്കാട്ടി രജത് എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഇന്ത്യ സ്വതന്ത്ര വിപണിയാണെന്നും ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ അടക്കം നിരവധി കമ്പനികളുടെ സർവിസ് ലഭ്യമാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പരാതിക്കാരന് ആവശ്യമെങ്കിൽ കോംപറ്റീഷൻ കമീഷനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.