ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം; കടുത്ത നടപടിക്കൊരുങ്ങി പൊലീസ്, പ്രതികളുടെ ജാമ്യം റദ്ദാക്കിയേക്കും

news image
Aug 23, 2026, 3:12 am GMT+0000 payyolionline.in

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ നടത്തിയ ഓണാഘോഷത്തിൽ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും. പ്രതികളുടെ ആഘോഷവും റീൽസ് ചിത്രീകരണവും പോലീസിന് കടുത്ത നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.

​സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് വിശദമായ അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. കേസിൽ കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ 24 പ്രതികൾ, എസ്.എച്ച്.ഓ. എത്താൻ വൈകിയതോടെയാണ് സ്റ്റേഷന് പുറത്ത് ഊഞ്ഞാലാടിയും ചെണ്ടകൊട്ടിയും ആഘോഷിച്ചത്.

​പോലീസുകാർ തയ്യാറാക്കിയ അത്തപ്പൂക്കളത്തിന് സമീപമുള്ള ഊഞ്ഞാലിൽ ആടിയും ഉദ്യോഗസ്ഥർ ധരിച്ച അതേ നിറത്തിലുള്ള ഷർട്ട് അണിഞ്ഞുമാണ് പ്രതികൾ റീൽസ് ചിത്രീകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബിനുവിനെ ക്ഷണിച്ചിട്ടില്ലെന്നും ഒപ്പിടാൻ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ യാദൃശ്ചികമാണെന്നുമാണ് പോലീസിന്റെയും ബിനുവിന്റെയും വിശദീകരണം. സംഭവം വിവാദമായതോടെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പോലീസ് അഴിച്ചുമാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe