തളിപ്പറമ്പ്: സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും സമൻസയച്ചു. ഫേസ്ബുക്ക് ലൈവിലൂടെ തന്നെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്നതിനാണ് ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങളിൽനിന്ന് പിന്മാറിയാൽ 30 കോടി രൂപ എം.വി. ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്നും കണ്ണൂരിലെ വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയത്. ഇത് മലയാളത്തിലെ പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളെല്ലാം വാർത്തയായി നൽകുകയും ചെയ്തിരുന്നു.
50 വർഷത്തോളമായി തുടരുന്ന നിസ്വാർഥമായ രാഷ്ട്രീയപ്രവർത്തനത്തിലൂടെ നേടിയെടുത്ത സൽപേര് കളങ്കപ്പെടുത്തുകയും തന്റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന് മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എം.വി. ഗോവിന്ദൻ പരാതിയിൽ പറഞ്ഞത്. എം.വി. ഗോവിന്ദൻ നേരിട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മേയ് രണ്ടിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സാക്ഷികളായ മുൻ ആർ.ഡി.ഒ എ.സി. മാത്യുവിന്റെയും സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം കെ. ഗണേശന്റെയും മൊഴി തളിപ്പറമ്പ് മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഇരുവരേയും സമൻസ് അയച്ച് വരുത്താൻ മജിസ്ട്രേട്ട് ഉത്തരവിട്ടത്. അടുത്ത വർഷം ജനുവരി നാലിന് ഇരുവരും കോടതിയിൽ ഹാജരാവണമെന്നാണ് സമൻസ്. നേരത്തേ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും സ്വപ്നയുടെ ഹർജിയിൽ ഈ കേസ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കാൻ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.