ഉള്ളിയേരി: വാട്സ്ആപ്പ് വഴി ലഭിച്ച ഫയൽ ഓപ്പൺ ചെയ്തയാൾക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
യാത്രയ്ക്കിടെയാണ് വിനോദിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. വാട്സ്ആപ്പ് പരിശോധിച്ചപ്പോൾ എസ്ബിഐയുടെ പേരിലുള്ള സന്ദേശം കണ്ട് എപികെ ഫയൽ തുറക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ 3.5 ലക്ഷം രൂപ തട്ടിപ്പ് സംഘം പിൻവലിച്ചതായാണ് പരാതിയിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് വഴി 14 തവണകളായാണ് പണം പിൻവലിച്ചതെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ഒടിപി നമ്പർ ആരെങ്കിലും അന്വേഷിക്കുകയോ പറഞ്ഞുനൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു.
അതേസമയം എപികെ ഫയൽ ഉപയോഗിച്ച് ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പ് സംഘം ബാങ്ക് വിവരങ്ങൾ ചോർത്തുന്നതെന്നും ഇതിന് ഒടിപി നമ്പർ ആവശ്യമില്ലെന്നും വിദഗ്ധർ പറുന്നു. തട്ടിപ്പ് നടത്തിയവർ സൂറത്ത്, നോയിഡ തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്ന് സൈബർ പൊലീസ് അറിയിച്ചു.
