കാഫിർ സ്‌ക്രീൻഷോട്ട് പത്ത് പേർക്കെങ്കിലും അയച്ചതിന് തെളിവുണ്ടോ? വെല്ലുവിളിയുമായി ജിതിൻ ഭാസ്‌കർ

news image
Jul 6, 2026, 6:11 am GMT+0000 payyolionline.in

കണ്ണൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ. പത്ത് പേർക്കെങ്കിലും സ്‌ക്രീൻഷോട്ട് അയച്ച് നൽകിയെന്ന് തെളിയിക്കാനാകുമോ എന്നാണ് വെല്ലുവിളി. പാർട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ജിതിൻ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എൽഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതിൽ കോൺഗ്രസുകാർ ഉൾപ്പടെ 250ഓളം പേരുണ്ട്. താൻ 200 പേർക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാൽ താൻ 10 പേർക്കെങ്കിലും കാഫിർ സ്‌ക്രീൻഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നാണ് ജിതിൻ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാൽ കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിൻ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണ് ഇത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ സിപിഐഎം നേതൃത്വം ജയിലിന് പുറത്ത് ജിതിന് സ്വീകരണമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു.

അതിനിടെ, കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നൽകി കേസിൽ പ്രതി ചേർത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസിൽ തന്നെ രണ്ട് വർഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എൽഡിഎഫ് നൽകിയ പരാതിയിൽ ആദ്യം കേസ് എടുത്തത് കാസിമിന് എതിരെ ആയിരുന്നു. എന്നാൽ അന്വഷണത്തിൽ കാസിം അല്ല സ്‌ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് എസ്ഐടി അന്വേഷണം വന്നപ്പോൾ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്‌കറിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന ഫോറൻസിക്ക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe