എൻ.എച്ച്.എം നയങ്ങൾക്കെതിരെ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ കരിദിനം

news image
Dec 31, 2025, 9:25 am GMT+0000 payyolionline.in

 

കോഴിക്കോട് :  ആരോഗ്യവകുപ്പിനെ നോക്കുകുത്തിയാക്കുന്ന എൻ.എച്ച്.എം (NHM) നിലപാടുകൾക്കെതിരെയും, നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങളെ മറികടന്ന് കരാർ ജീവനക്കാരെ ഉപയോഗിച്ച് ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാരെ സൂപ്പർവൈസ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കരിദിനം ആചരിച്ചു.

 

 

ആരോഗ്യ പ്രവർത്തനങ്ങളെ ഗൂഗിൾ ഷീറ്റ് പൂരിപ്പിക്കൽ മാത്രമാക്കി മാറ്റുന്നതിനെതിരെയും, എൻ.എച്ച്.എം നയങ്ങൾ കേരളത്തിലെ ആരോഗ്യ സൂചികകൾക്ക് അനുസൃതമായി പുനർനിർവചിക്കണമെന്ന ആവശ്യവും, രോഗപ്രതിരോധ സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകാതെ ചികിത്സയ്ക്ക് മാത്രം മുൻഗണന നൽകുന്ന സമീപനം പുനഃപരിശോധിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ, ആരോഗ്യ സർവേകൾക്കും ഓൺലൈൻ റിപ്പോർട്ടുകൾക്കും ആവശ്യമായ ഉപകരണങ്ങൾ ഹെൽത്ത് ഗ്രാന്റ് മുഖേന ലഭ്യമാക്കാൻ സർക്കാർ ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടു.

 

 

കരിദിനാചരണത്തിന് വിവിധ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിന്തുണ നൽകി.

കോഴിക്കോട് ജില്ലയിൽ നടന്ന കരിദിനാചരണത്തിന് സംസ്ഥാന ട്രഷറർ കെ. ജയരാജ്, ജില്ലാ സെക്രട്ടറി ജോൺസൺ ജോസഫ്, വൈസ് പ്രസിഡണ്ട് ബൈജുലാൽ, സുരേന്ദ്രൻ പി.വി, രാജീവൻ സി, സതീഷ് സി.പി, പ്രമീള എ.ടി, ഷീബ കെ.ടി.കെ, ഹരികൃഷ്ണൻ പി, ഷമീർ സി എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe