സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അധികാരത്തുടർച്ചയുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാർ മികച്ച വിജയം നേടുമെന്നും, പേരാമ്പ്ര മണ്ഡലത്തിൽ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിന്റെ വിജയപ്രതീക്ഷകൾ വെറും അവകാശവാദം മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ തള്ളിക്കളഞ്ഞു. ഹാട്രിക് വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്.
സംസ്ഥാനത്തെ 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. കൃത്യം രാവിലെ എട്ടിന് തന്നെ നടപടികൾ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനു തൊട്ടുപിന്നാലെ ട്രെൻഡുകൾ ലഭ്യമായിത്തുടങ്ങും. പത്തുമണിയോടെ കേരളത്തിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും കണക്കുകൂട്ടൽ. വോട്ടെണ്ണലിനായുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങളും സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
