കൊച്ചി: ചേരാനെല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് ആശ്വാസവുമായി മുഖ്യമന്ത്രി വിഡി സതീശൻ. അപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്നും കുടുംബത്തിന് ഉറപ്പുനൽകിയതായി വിഡി സതീശൻ അറിയിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജയപാലകൃഷ്ണന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തി വന്ന സമരം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് കുടുംബം. എന്നാൽ പ്രതികൾക്കെതിരെ നടപടിയില്ലെങ്കിൽ സമരം തുടരുമെന്നും കുടുംബം അറിയിച്ചു. പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് നാളെ 4 മണി വരെ നോക്കുമെന്ന് വ്യക്തമാക്കിയ കുടുംബം ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിമർശനങ്ങൾക്കൊടുവിൽ 17 കാരന്റെ പിതാവായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
