ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കൊണ്ടു വരുമെന്ന് സൂചന. അടുത്തമാസമാണ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമിറ്റിക്ക് വിടാനും സാധ്യതയുണ്ട്. സ്റ്റാൻഡിങ് കമിറ്റി ഏക സിവിൽ കോഡിൽ അഭിപ്രായ സ്വരൂപീകരണം നടത്തും.
നേരത്തെ ഏക സിവിൽ കോഡിൽ അഭിപ്രായമറിയിക്കാൻ കേന്ദ്ര നിയമകമീഷൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നത്. ജൂലൈ മൂന്നാം വാരത്തോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ മൺസൂൺ സമ്മേളനത്തിന് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച ഏക സിവിൽകോഡിനെ ശക്തമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വരെ ഏക സിവിൽകോഡിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂരിലെ സംഭവങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ഏക സിവിൽ കോഡ് ഉയർത്തികൊണ്ട് വരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.