മൂടാടി: ഒരു വർഷക്കാലമായി നടന്നു വന്ന മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ബാങ്ക് പുതുതായി ആരംഭിച്ച കർഷക സേവാ കേന്ദ്രം, വളം ഡിപ്പോ കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. വിജയരാഘവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭവന സഹായ ഫണ്ട് ബാങ്ക് സെക്രട്ടറി കെ.പി. ബിനേഷ് കൈമാറി.
ചടങ്ങിൽ വെച്ച് സുവർണ്ണ ജൂബിലി സ്മരണികയുടെ പ്രകാശനം നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പി.എം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മലിന് നൽകിയാണ് സ്മരണിക പ്രകാശനം ചെയ്തത്.
പി.കെ. മുഹമ്മദലി, സവിത ആർ.വി, കെ. ജീവാനന്ദൻ മാസ്റ്റർ, രാമകൃഷ്ണൻ കിഴക്കയിൽ, സി.കെ. അബൂബക്കർ, എൻ.വി.എം. സത്യൻ, സി. ഗോപാലൻ, രജീഷ് മാണിക്കോത്ത്, സി. രമേശൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ. ശ്രീകുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം. കുഞ്ഞിക്കണാരൻ നന്ദിയും പറഞ്ഞു.

